പുലര്‍ച്ചെ തീവണ്ടി പിടിക്കാനോടുമ്പോള്‍,
സീസണ്‍ ടിക്കറ്റിന്റെ ദുര്‍ബലമായ പിന്‍ ബലത്തില്‍
വിലക്കപ്പെട്ടയിടങ്ങളില്‍ തലകുനിച്ചിരിക്കുമ്പോള്‍,
വൈകിമാത്രമെത്തിച്ചേരുന്ന വണ്ടിയില്‍ നിന്നിറങ്ങി
ആള്‍ക്കൂട്ടത്തില്‍ ലയിച്ച്
റിക്ഷാനിരക്ക് കുറക്കാന്‍
നാടോടികളും തെരുവുനായ്‌ക്കളും
തമ്പടിച്ച പിന്നാമ്പുറങ്ങളിലെ
വേലി നൂണ്ടു കടക്കുമ്പോള്‍,
ശീതീകരിച്ച മുറിക്കുള്ളില്‍
മേലുദ്യോഗസ്ഥരുടെ സമയവൃത്തത്തിനുള്ളില്‍
ജോലി തീര്‍ക്കാനാവാതെ
വെന്തുരുകിയപ്പോള്‍,
പനിച്ച് വിറച്ച് കണ്ണടക്കാന്‍ വൈകുന്ന അമ്മയുടെ
കട്ടിലില്‍ ഉറക്കഭാരത്തോടെ കാവലിരുന്നപ്പോള്‍,
പ്രിയകൂട്ടുകാരി,
നിന്നെഞാനോര്‍മ്മിച്ചില്ല.
ക്ഷമിച്ചേക്കൂ!