Tuesday, October 25, 2011

എനിക്കും നിനക്കും ഇടയില്‍

എനിക്കും നിനക്കുമിടയില്‍ ഇനിയൊന്നുമില്ലെന്നു നീ!
കണ്ണുകളിലെ ശൈത്യവും വാക്കുകളിലെ ഉപചാരങ്ങളും
കെട്ടിപ്പൊക്കിയ അടിത്തറയില്‍
എത്രപെട്ടെന്നാണ് നീ ഈ മതില്‍ തീര്‍ത്തത് !
ഇപ്പോഴെനിക്കെത്തിനോക്കാന്‍ പോലുമാവാത്ത ഉയരം!

Tuesday, October 18, 2011

വിശാലമായ കടലില്‍

കടലില്‍ കുറേ മീന്‍
വലക്കാരന്‍ വലയെറിയുന്നു
ചൂണ്ടക്കാരന്‍ ചൂണ്ടയെറിയുന്നു
കുറേയെണ്ണം വലയില്‍ കുടുങ്ങുന്നു
ചിലത് ചൂണ്ടയില്‍ കുടുങ്ങുന്നു
പിന്നെയും മീനുകള്‍ ബാക്കി
നമുക്ക് ചോദിക്കാം
"  മുഴുവന്‍ മീനും കുടുങ്ങിയില്ലല്ലോ?
കടലിലിത്രയും മീനുണ്ടായിട്ടും
ഇവ മാത്രമല്ലേ കുടുങ്ങിയത്?
വലയില്‍ വന്നു കയറുന്നതാണ്
അല്ലെങ്കിലിത്രയും വിശാലമായ കടലില്‍........."

Thursday, October 06, 2011

ആകസ്മികം

ഉറക്കം വരുന്നില്ല. അവളുറങ്ങിക്കാണുമോ?
കിടത്തിയതിന്റെ നേരേ വിപരീതദിശയില്‍ വട്ടം കറങ്ങി, തല അവളുടെ കാലിന് നേരെയും കാല്‍ എന്റെ നെഞ്ചിലും വച്ച് മോനുറങ്ങിക്കഴിഞ്ഞു.

---------------------------------------------------------

ആകസ്മികമായാണ് സരിതയുടെ അമ്മയെ കണ്ടത്, ആശുപത്രിയില്‍ നിന്നും ഞങ്ങളിറങ്ങാനൊരുങ്ങുമ്പോള്‍.
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. അവര്‍ കുഞ്ഞിനു വേണ്ടി കൈനീട്ടി. അവനവരുടെ മൂക്കില്‍ പിടിക്കാനാഞ്ഞു. എടുത്ത്, തെരുതെരെ ഉമ്മ വച്ചിട്ട് മോനെ തിരികെ നല്‍കി.
" ഡോക്‌ടറെയൊന്നു കാണണം "

" അവരെന്താ അങ്ങനെയുമ്മ വച്ചതെന്നറിയാമോ? "നടന്നു നീങ്ങുമ്പോള്‍ അവളുടെ നിഷ്‌കളങ്കമായ ചോദ്യം.
        " ------  ---------  "
" അതേയ്, അവരുടെ വീട്ടിലിരിക്കേണ്ട കുട്ടിയല്ലേയിത്? ഒന്നുമറിയാത്തപോലെ?! " അവള്‍ പൊട്ടിച്ചിരിച്ചു.
-------------------------------------------------
ഇന്ന് , മോനു് ഉടുപ്പെടുക്കാന്‍ കടയില്‍ കയറിയപ്പോഴാണ് അവനെ കണ്ടത്.
" മോനിപ്പം എത്രവയസ്സായി? " അവന്‍ കുഞ്ഞിന്റെ കവിളിലൊന്നു തൊട്ടു.
" സരിതയുടെ ആങ്ങളയല്ലേ? "
" അതു ശരി! എന്നെ അറിയുമോ?"
" പിന്നെ അറിയാതെ? സരിതക്ക് മോനോ മോളോ?" ഞാനും ചെവിവട്ടം പിടിച്ചു. മോളാണെങ്കില്‍ അവള്‍ക്കുള്ളപോലെ നുണക്കുഴി കാണുമോ?
" മോളായിരുന്നു. പ്രസവിച്ചയുടന്‍ മരിച്ചുപോയി."
" അയ്യോ! ഞാനറിഞ്ഞിരുന്നില്ല."
" അതു സാരമില്ല. അമ്മ പറഞ്ഞിരുന്നു നിങ്ങളെ ആശുപത്രിയില്‍ കണ്ട കാര്യം. അവിടെത്തന്നെയായിരുന്നു ചേച്ചിയേയും കാണിച്ചിരുന്നത്."
-----------------------------------------------------------
 അവളുറങ്ങിക്കാണുമോ? മോന്‍ നല്ല ഉറക്കമാണ്. വിളിക്കണോ?മടിച്ച് മടിച്ച് ചോദിച്ചു.
"ഉറങ്ങിയില്ലേ നീ?"
"ഇല്ല." അവളുടെ സ്വരം പതറിയിരുന്നു
" എന്താ ആലോചിക്കുന്നത്?"
" മോളുമരിച്ചകാര്യം. "

Tuesday, September 27, 2011

ചില പരിചയങ്ങള്‍


ഓഫീസിലെ കമ്പ്യൂട്ടര്‍ നന്നാക്കുവാന്‍ വാര്‍ഷിക അറ്റകപറ്റപ്പണിയുടെ കരാര്‍ എടുത്ത കമ്പനിയുടെ ജീവനക്കാരില്‍ മെലിഞ്ഞ ശരീരവും, നല്ല ഉയരവും,കോലന്‍ മുടിയും ,വലിയ കണ്ണുകളുമുള്ള ചെറുപ്പക്കാരനെ കൂടുതലിഷ്‌ടപ്പെടാന്‍ കാരണം അവന്റെ കുസൃതിയുള്ള സുന്ദര മുഖം മാത്രമായിരുന്നില്ല.
കമ്പൂട്ടര്‍ മേഖലയിലുള്ള ആളുകള്‍ സാധാരണ സൂക്ഷിക്കാറുള്ള കപടനാട്യം നിറഞ്ഞ പെരുമാറ്റം അവനത്ര വശമില്ലാത്തതുപോലെ തോന്നി.
" നമുക്ക് 10.04 ഇട്ടാലോ? ഇവിടെ സിഡിയുണ്ട് " ഞാന്‍ ചോദിച്ചു.
"എന്നോട് ഇതിടാനാണ് പറഞ്ഞിരിക്കുന്നത് , കുഴപ്പമാവുമോ?  " അവന്‍ ഒരു സിഡി കാണിച്ചുകൊണ്ടു ചോദിച്ചു.
" എന്തു കുഴപ്പം ഇടണം സര്‍! "

" ഇടാമല്ലേ ? എന്തും വരട്ടെ ഹ ഹ ഹ "
അവസാനത്തെ ഹ ഹ ഹ എനിക്കത്ര പിടികിട്ടിയില്ല. സാധാരണ വരുന്നവര്‍ ആംഗ്യഭാഷയാണ് കൂടുതലുപയോഗിക്കാറ്.
" എന്താ ചിരിക്കുന്നത്? "
"ഏയ്, വെറുതെ ഇടക്ക് ഓരോന്നാലോചിച്ചുപോയി  "
ഇടയ്ക്ക് ഞാനുമവനും തനിച്ചായപ്പോള്‍ അവന്‍ ശബ്ദം താഴ്ത്തി വിളിച്ചു.
"ചേട്ടാ, ചേട്ടന് ലിനക്സറിയാമോ?  "
"എന്തിനാ?  "
"ഞാനൊരാള്‍ക്ക് പകരം വന്നതാ! ഇതൊന്നും പരിചയമില്ല. അറിയില്ലെന്നു കമ്പനിയില്‍ പറഞ്ഞില്ല. മറ്റേയാളെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല.    "
" ഞാനൊരാളെ വിളിച്ചു തരാം. ഒരു ലിനക്സ് വിദഗ്ദ്ധന്‍ . അമിത തത്പരന്‍ , മതിയോ? "
" ഐഡിയ! " അവന്‍ പുഞ്ചിരിച്ചു.
*********
ഹോട്ടല്‍ ദ്വാരകയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ , ഒരു സുന്ദരനായ ചെറുപ്പക്കാരന്‍ വന്നു തൊടുന്നു.
" ഗോപനെന്നല്ലേ പേര്? "
"എനിക്ക് പരിചയം തോന്നുന്നുണ്ട് , പേരോര്‍മ്മ വരുന്നില്ല! "
" പേരുമാത്രമല്ല, പരിചയവും തോന്നുന്നില്ലെന്നു ചേട്ടന്റെ മുഖഭാവം കണ്ടാലറിയാം, ചേട്ടന്‍ ബ്രഹ്മി കഴിക്കണം "
" "

"ഞാനന്ന്.... നെറ്റ് വര്‍ക്ക്.... ഫോണില്‍.....ഹ ഹ ഹ "
അവന്‍ കൂടെയുള്ള ചെറുപ്പക്കാരന് എന്നെ പരിചയപ്പെടുത്തി.
പതിവ് കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെപ്പോലെ രണ്ടാമനെന്നോട് സാങ്കേതിക ഭാഷ ഉപയോഗിച്ചു സംസാരിക്കാന്‍ ശ്രമിച്ചു. ബൈനറി ഭാഷ അറിയാത്തത് ഒരു വലിയ കുറവായി എനിക്കനുഭവപ്പെട്ടു.
പോകാന്‍ നേരം ഞാനവന്റെ നമ്പര്‍ വാങ്ങി.
"സംശയങ്ങളുള്ളപ്പോള്‍ വിളിക്കാനാണ് "
" സംശയങ്ങളില്ലെങ്കിലും വിളിക്കാം! "
**********

ഓഫീസില്‍ രണ്ടു കമ്പ്യൂട്ടറിന് തകരാറ്. ഡിപ്പാര്‍ട്ട്മെന്റ് സിസ്റ്റം സൂപ്പര്‍ വൈസര്‍വന്നു പരിശോധിച്ചു.
"ഹാര്‍ഡ് വെയര്‍ തകരാറാണ്, കമ്പനിക്കാര്‍ വരട്ടെ "
" വിളിക്കാം"
" വിളിച്ചിട്ടും കാര്യമില്ലാ അവര്‍ക്ക് സ്റ്റാഫ് കുറവാ! കുറച്ചായി എല്ലായിടത്തും അവ്ര്‍ വിടാറുള്ള ഒരുപയ്യനുണ്ട് അവന് ബ്രയിന്‍ട്യൂമറാ 26 കീമോ കഴിഞ്ഞു. എന്നെ വിളിക്കാറുണ്ട്. ഞാനവസാനം വിളിച്ചപ്പോള്‍ അവന്റെ അമ്മയാണ് സംസാരിച്ചത്. RCC- യിലാണ് "
ഞാനാ നമ്പര്‍വാങ്ങി ടൈപ്പ് ചെയ്തു. അവന്റെ പേര് തെളിഞ്ഞു വരുന്നു . വൈകീട്ട് വിളിക്കാമെന്നു കരുതി.
വൈകീട്ടും രാത്രിയിലും വിളിച്ചുനോക്കി . ബെല്ലടിക്കുന്നുണ്ട്. ആരും എടുക്കുന്നില്ല.

Monday, September 19, 2011

പഴയ ഓട്ടോഗ്രാഫ് വായിച്ചുകേട്ടപ്പോള്‍ !

പുലര്‍ച്ചെ തീവണ്ടി പിടിക്കാനോടുമ്പോള്‍,
സീസണ്‍ ടിക്കറ്റിന്റെ ദുര്‍ബലമായ പിന്‍ ബലത്തില്‍
വിലക്കപ്പെട്ടയിടങ്ങളില്‍ തലകുനിച്ചിരിക്കുമ്പോള്‍,
വൈകിമാത്രമെത്തിച്ചേരുന്ന വണ്ടിയില്‍ നിന്നിറങ്ങി
ആള്‍ക്കൂട്ടത്തില്‍ ലയിച്ച്
റിക്ഷാനിരക്ക് കുറക്കാന്‍
നാടോടികളും തെരുവുനായ്‌ക്കളും
തമ്പടിച്ച പിന്നാമ്പുറങ്ങളിലെ
വേലി നൂണ്ടു കടക്കുമ്പോള്‍,
ശീതീകരിച്ച മുറിക്കുള്ളില്‍
മേലുദ്യോഗസ്ഥരുടെ സമയവൃത്തത്തിനുള്ളില്‍
ജോലി തീര്‍ക്കാനാവാതെ
വെന്തുരുകിയപ്പോള്‍,
പനിച്ച് വിറച്ച് കണ്ണടക്കാന്‍ വൈകുന്ന അമ്മയുടെ
കട്ടിലില്‍ ഉറക്കഭാരത്തോടെ കാവലിരുന്നപ്പോള്‍,
പ്രിയകൂട്ടുകാരി,
നിന്നെഞാനോര്‍മ്മിച്ചില്ല.
ക്ഷമിച്ചേക്കൂ!

Tuesday, August 30, 2011

കാത്തിരിപ്പ്


മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കുന്ന തണുത്ത പ്രഭാതങ്ങളിലൊന്നില്‍
ഞാന്‍ നിന്നെ പ്രതീക്ഷിച്ചു,
വെയില്‍ നാളങ്ങളുടെ വരവില്‍
പിന്‍ വാങ്ങിയ മൂടല്‍ മഞ്ഞാണ് നീയെന്ന് ഞാനറിയുമ്പോള്‍
മദ്ധ്യാഹ്നമായിരുന്നു.

പൂക്കളെ എതിരേല്‍ക്കാന്‍ ഇലകൊഴിച്ച
വാകമരച്ചുവട്ടിലാണ് പിന്നെ ഞാന്‍  കാത്തുനിന്നത്.
പൂമരം നീതന്നെയെന്നറിഞ്ഞപ്പോള്‍
സന്ധ്യയായിരുന്നു.

എന്റെ ജാലക കാഴ്ചകളില്‍
വഴിതെറ്റിയ ഒരു പക്ഷി കുരുങ്ങിനില്‍ക്കുന്നു
നിന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്ന്
സന്ധ്യ പറയുന്നു.
ഇരമ്പിയാര്‍ക്കുന്ന രാത്രിമഴ,
ആകാശത്ത് സ്വപ്നങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതിന്റെ
സ്‌ഫുലിംഗങ്ങള്‍
പുതപ്പിനടിയില്‍ ഞാന്‍ തണുത്തു വിറക്കുന്നു,
പ്രിയപ്പെട്ടവളേ നീയെവിടെ?


Monday, August 15, 2011

ഏകദിശാ പ്രവര്‍ത്തനങ്ങള്‍

പ്രിയപ്പെട്ടവളേ,
എന്റെ പ്രണയം വര്‍ണ്ണച്ചിറകുകളുമായി
ഇനി നിന്നെ വലംവച്ചു പറക്കില്ല.

നമുക്കിടയിലെ സുവര്‍ണ്ണനൂലുകള്‍
ചിലന്തിവലയേക്കാള്‍ നേര്‍ത്തതാണെന്ന്
ഞാനിനി പരിഭവിക്കില്ല.

നിന്റെ നിശ്ശബ്ദതയ്ക്ക്
വാചാലതയുടെ അര്‍ത്ഥകല്പന ചമയ്ക്കില്ല.

എന്റെ പ്രണയം കൊഴിഞ്ഞു വീഴുന്നു
നിറം കെട്ടുണങ്ങിയ ഒരിലപോലെ !

Saturday, August 13, 2011

രോഗം

കാല്‍ വിരലുകള്‍ക്കിടയിലെ ഉണങ്ങാന്‍ മടികാണിക്കുന്ന മുറിവ് പരിശോധിച്ച ശേഷം, ഡോക്‌ടര്‍ കണ്ണട ഊരി മേശപ്പുറത്ത് വച്ചു, എന്നിട്ട് എന്റെ കണ്ണില്‍ത്തന്നെ നോക്കി ചോദിച്ചു.
" തുറന്നു ചോദിക്കുന്നതില്‍ വിഷമം തോന്നരുത്, നിങ്ങള്‍ വിവിധ സ്ത്രീകളുമായി.....? "
" ഇല്ല ! "
" ഒരിക്കലും ?"
" ഒരിക്കലും !"
പറഞ്ഞത് നുണയായിരുന്നില്ല. അവിവാഹിതനായ എന്റെ ജീവിതത്തില്‍ ഒരേയൊരു സ്ത്രീ മാത്രം , ഡോക്‌ടറുടെ ഈ ചോദ്യം ഞങ്ങള്‍ക്കടുത്ത തവണ നല്ലൊരു തമാശയാകും!
 " ഉപ്പു വെള്ളത്തില്‍ കാല്‍ കഴുകിയിട്ട് ഈ മരുന്ന് പുരട്ടണം, ഞാന്‍ സംശയിച്ചതുപോലെയല്ലെങ്കില്‍ ഇതുകൊണ്ടു മാറും 45 ദിവസം കഴിഞ്ഞും കുറവില്ലെങ്കില്‍ വരണം നമുക്ക് രക്തമൊന്ന് നോക്കാം !"

               രാത്രി വലിയ ബഹളം കേട്ടാണ് ഉണര്‍ന്നത്. അടുത്ത ഫ്ലാറ്റില്‍ അടിയും ബഹളവും. മുകളിലെ നിലയിലെ ബാങ്ക് മാനേജര്‍ സുധാകരന്‍ ഞാന്‍ വാതില്‍ തുറന്നതും അടുത്തു വന്നു. " സുകേശന്‍ നൈറ്റ് ഡ്യൂട്ടിക്കാണെന്നും പറഞ്ഞ് പോയിട്ട് അരമണിക്കൂര്‍ കഴിഞ്ഞു തിരികെ വന്നപ്പം മുറിയില് ഭാര്യേടെ കൂടെ ലോറിഡ്രൈവറു മുനിയാണ്ടി! വല്ലാത്ത നാണക്കേട് തന്നെ അല്ലിയോ?"
ഞാന്‍ വിളറിയ ഒരു ചിരി മറുപടിയാക്കി!
കാല്‍ വിരലില്‍ ഒരു നീറ്റല്‍ പോലെ, നാളെത്തന്നെ എനിക്ക് രക്തം പരിശോധിപ്പിക്കണം!
***

Saturday, July 30, 2011

തനിയെ.......


നിന്നെ കാണും വരെ,
വേനല്‍ മഴ വേനല്‍ മഴയും
പുലര്‍മഞ്ഞ് പുലര്‍ മഞ്ഞും
പാതിരാപക്ഷിയുടെ പാട്ട്
പാതിരാപക്ഷിയുടെ പാട്ടും
മാത്രമായിരുന്നു!

ഇന്ന് ...
നീയകന്നപ്പോള്‍ 
വീണ്ടും,
വേനല്‍ മഴ വേനല്‍ മഴയും
പുലര്‍മഞ്ഞ് പുലര്‍ മഞ്ഞും
പാതിരാപക്ഷിയുടെ പാട്ട്
പാതിരാപക്ഷിയുടെ പാട്ടും
മാത്രമായിത്തീര്‍ന്നിരിക്കുന്നു!


12 nov 2010 കൂട്ടം .കോമില്‍ പ്രസിദ്ധീകരിച്ചത്.



ഭൂതകാലം !

രാഘവമ്മാവന്‍ ഇത്രയൊക്കെപ്പറഞ്ഞിട്ടും അദ്ദേഹം ഒരു ഭാവമാറ്റവുമില്ലാതെ, മുഖത്ത് അപരിചിതഭാവവുമായി കേട്ടിരിക്കുന്നതില്‍ എനിക്കത്ഭുതം തോന്നാതിരുന്നില്ല.
 

ഭൂതകാലം , പോകുന്ന വഴിക്കെല്ലാം ചുമന്നു നടക്കേണ്ട ഒരു ഭാണ്ഡമല്ലെന്ന്, എന്നെ എത്രയോ പ്രാവശ്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നു.

" നിനക്കുമാത്രമെന്താണ് പറഞ്ഞാല്‍ മനസ്സിലാത്തത് ?
നീ ഓര്‍മ്മകളെ മാനേജ് ചെയ്യുന്നതിന്റെ കുഴപ്പമാണ്. നമുക്കാവശ്യമുള്ളതു മാത്രം ഓര്‍മ്മിച്ചാല്‍ മതി !"


ഓര്‍മ്മകള്‍ മാനേജ് ചെയ്യുന്നതിന്റെ ഭാഗമായാണ് പട്ടണത്തിലേക്ക് താമസം മാറ്റിയത്. ഓര്‍മ്മ തലച്ചോറിലെ ന്യൂറോണുകളുമായാണത്രേ ബന്ധപ്പെട്ടിരിക്കുന്നത്. ഓരോ ഓര്‍മ്മയ്ക്കും കുറേ സ്ഥലം വേണ്ടിവരും. നോട്ടുപുസ്തകം പോലെ, എഴുതാത്ത കുറേ പേജുകള്‍ വേണം, കൂടാതെ ആവശ്യമില്ലാത്തവ മായ്ചും കളയണം..



ആദ്യ കാലത്ത് എനിക്കിതു വലിയ ബുദ്ധിമുട്ടായിരുന്നു.
"ഓര്‍മ്മകളെ ആട്ടിയോടിക്കരുത് "
മനസ്സ് ഒരു പ്രത്യേക രീതിയില്‍ ക്രമീകരിക്കണമത്രേ. 

ആവശ്യമില്ലാത്ത കാര്യങ്ങളെ ഒരു തമോഗര്‍ത്തം പോലെ വലിച്ചെടുക്കണം, ഒരു ദര്‍പ്പണം പോലെ വേണ്ടവ അളവനുസരിച്ച് പ്രതിഫലിപ്പിക്കണം ! ഓര്‍മ്മിക്കേണ്ടതെന്തൊക്കെയെന്നും ,ആരെയൊക്കെയാണെന്നും അദ്ദേഹം തന്നെ തരം തിരിച്ചു തന്നിരുന്നതുകൊണ്ട് അക്കാര്യത്തില്‍ മാത്രം കുറേയൊക്കെ എളുപ്പമുണ്ടായിരുന്നു. കുറേക്കാലത്തെ പരിശീലനം കൊണ്ടാണ് പഴയ പരിചയക്കാരെ ആദ്യമായി കാണുന്ന പോലെയും, ആദ്യമായി കാണുന്ന വേണ്ടപ്പെട്ടവരെ ജനനം മുതല്‍ പരിചയമുള്ള പോലെയും പെരുമാറാന്‍ പഠിച്ചത്.
എങ്കിലും ചിലപ്പോഴെങ്കിലും ഓര്‍മ്മ, എല്ലാനിയന്ത്രണങ്ങളും കടന്ന് മനസ്സില്‍ മേഞ്ഞു നടക്കും.

രാഘവമ്മാവനു് അന്നു കുറച്ചു കൂടെ തടിയുണ്ടായിരുന്നു. വലിയ കൊമ്പന്‍ മീശയും !
കൊണ്ടുവന്നിരുന്ന പലഹാരങ്ങളിലൊരു പങ്ക് എനിക്കും കിട്ടുമായിരുന്നു. ഒരു പെറ്റിക്കോട്ടു മാത്രമിട്ട് ആ വേലിക്കല്‍ നിന്നതു തിന്നുമ്പോള്‍ എന്നെ നോക്കി കണ്ണു ചെറുതാക്കി പുഞ്ചിരിച്ചിരുന്ന അവിടുത്തെ സ്ഥിരം വിരുന്നുകാരന്‍...


"മറ്റൊന്നും വിചാരിക്കരുത്, ഞാന്‍ നിങ്ങളെ ഓര്‍മ്മിക്കുന്നില്ല !

താങ്കള്‍ ചെയ്തുവെന്നു പറയുന്ന സഹായങ്ങളും! എനിക്കാരുടേയെങ്കിലും സഹായം ആവശ്യമായി വന്നിട്ടുണ്ടോ?!
ഓര്‍മ്മവയ്കുമ്പോള്‍ ഞാനീ കമ്പനിയുടെ മാനേജരാണ് !"
അഭിമാന ക്ഷതത്തോടെ അമ്മാവന്‍ എന്നെ നോക്കി "മോളേ, നീയുമറിയില്ലേ.......?"
"ഇല്ല രാഘവമ്മാവാ... ഓര്‍മ്മ വയ്ക്കുമ്പോള്‍ ഞാനിദ്ദേഹത്തിന്റെ ഭാര്യയാണ് !"



കൂട്ടത്തില്‍ പ്രസിദ്ധീകരിച്ചത് 03. 11. 2010 

ഒരു സാധാരണ ദിവസം..........

ഇതു പ്രഭാതം : സദാശിവനുണര്‍ന്നു. അത്യാവശ്യ പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു. അവള്‍ കൂലിപ്പണിക്ക് പോകും മുമ്പേതന്നെ, ഭക്ഷണവും കഴിച്ച് ചൂണ്ടയുമെടുത്ത് പുഴക്കരയിലേക്ക് നടന്നു.

ഇതു മദ്ധ്യാഹ്നം : സദാശിവന്‍ സമയം തിരിച്ചറിയുന്നത്, ആമാശയവും കൂടി ഉപയോഗിച്ചാണ്. ഷാപ്പില്‍ ചെന്നാല്‍ കപ്പയുമിറച്ചിയും കിട്ടും. അവള്‍ അരിപ്പാട്ടയില്‍ സൂക്ഷിച്ചിരുന്ന നാല്പത്തിരണ്ടു രൂപയുണ്ട്.


" സാരമില്ല ! മീന്‍ വിറ്റു പണം കിട്ടുമ്പോഴതു കൊടുക്കാം ! ഒരുത്തീടേം സൌജന്യം വേണ്ട !"


സായാഹ്നം : ചൂണ്ടയിലാകെ കിട്ടിയത് നാലു മീന്‍. വലുത് മൂന്നെണ്ണം രണ്ടു കിലോയോളം വരുന്നത്, ചെറുത് ഒന്ന് അതു കറിവയ്ക്കാം !!
ബാര്‍ ഹോട്ടലിനു മുന്‍പില്‍ , കാറുകള്‍ക്ക് നേരേ മീന്‍ ഉയര്‍ത്തിക്കാട്ടിയും, നിര്‍ത്തിയ കാറുകള്‍ക്കരികില്‍ , കുനിഞ്ഞ് വിനയം നടിച്ചു വിലപറഞ്ഞും നില്‍ക്കുന്നു , സദാശിവന്‍ !

രാത്രി : സത്യത്തില്‍ ഇതാണ് സദാശിവന്റെ സമയം ! വീടിനു മുമ്പില്‍ ,നിലത്തുറയ്ക്കാത്ത കാലുകളുമായി നൃത്തം ചെയ്യുകയാണ്, സദാശിവന്‍ !
പുറത്തു വരുന്ന കുഴഞ്ഞവാക്കുകള്‍ ഏതുറക്കച്ചടവിലും അവള്‍ക്കു പെറുക്കിയെടുക്കാം , കുറേ വര്‍ഷമായുള്ള ശീലമാണേയ് !
" എനിക്കിനി ഒന്നും വേണ്ട! ഞാന്‍ കഴിച്ചു.
ഒരു മീനുണ്ട് നീ പൊരിച്ചോ! ഇതാ ഇരുപതു രൂപ, പിള്ളേര്‍ക്കെന്താന്നു വച്ചാ വാങ്ങിക്കൊ!
സദാശിവന് ഒരുത്തീടേം സൌജന്യം വേണ്ട"



കൂട്ടം.കോമില്‍ 28.10.2010ല്‍ പ്രസിദ്ധീകരിച്ചത്.

 

കോടതി മുമ്പാകെ !


ബഹുമാനപ്പെട്ട കോടതി ക്ഷമിക്കണം !
കുറ്റപത്രത്തില്‍ പറയുന്ന കൃത്യം ഞാന്‍ ചെയ്‌തിട്ടുണ്ട് !
നട്ടുച്ച സമയമായിരുന്നു. ഗാന്ധിനഗറില്‍ കൊടുക്കാനുള്ള ഒരു പാഴ്‌സലുമായി വരുന്ന സമയത്താണ് ലോറിതട്ടി ജീപ്പ് മറിഞ്ഞ്, സൈക്കിളില്‍ വരുന്ന ഒരുകുട്ടി അതിനടിയില്‍പ്പെട്ടത്. ലോറിയിലെ കയറ്റിറക്ക് തൊഴിലാളികളും രണ്ടു ഡ്രൈവര്‍മാരും ഞാനും ചേര്‍ന്നാണ് ജീപ്പുയര്‍ത്തി കുട്ടിയെ പുറത്തെടുത്തത്. 
ഗാന്ധിനഗറിലെ ആള്‍ക്കൂട്ടം ഒരു കൈ സഹായിക്കുന്നതിനു പകരം  കുഞ്ഞു പിടയുന്നത് മൊബൈല്‍ക്യാമറയില്‍ പകര്‍ത്തുവാന്‍ തിരക്കു കൂട്ടുകയായിരുന്നു.
കുട്ടിയുമായി ജീപ്പ് ആശുപത്രിയിലേക്ക് പോയശേഷം, ലോറിയുടെമുകളില്‍ കയറി,
" & @#$ മക്കളേ ഇതും കൂടി  കണ്ടോ!  " എന്നു പറഞ്ഞ് ഞാന്‍ മുണ്ടഴിച്ച് നിന്നത് സത്യമാണ് !


കൂട്ടം .കോമില്‍ 3.6.2011ന് പ്രസിദ്ധീകരിച്ചത്.