Thursday, December 26, 2013

ഡിസംബറാകുമ്പോള്‍


കോടമഞ്ഞിനുള്ളിലെ കമ്പിളിഷാള്‍ ചുറ്റിയ കാമുകി
ആസ്ത്മാക്കാരന്റെ സ്വപ്നങ്ങളെ അലങ്കരിക്കുന്നില്ല.
വലയം ചെയ്തിരിക്കുന്ന വായുവില്‍ -
തനിക്കു മാത്രം നിഷേധിക്കപ്പെട്ട വിഹിതത്തെയോര്‍ത്തുള്ള -
വേവലാതി നിറയുന്ന പേക്കിനാവാണ് വര്‍ഷാന്ത്യം
അവന്റെ ഓര്‍മ്മകളില്‍ “പ്രാചീന യാനക്കാരന്‍” ശേഷിക്കുന്നില്ല .
മുറ്റത്തെ കരോള്‍ഗാനത്തിനൊപ്പമുയരുന്ന പ്രതീക്ഷ അവനന്യമാണ്.
അവന് വര്‍ഷാന്ത്യം ലോകാവസാനമാണ്.
ശ്വാസ നിശ്വാസങ്ങളുടെ നിയമങ്ങളില്ലാത്ത മത്സരത്തില്‍
അവന്‍ നിസ്സഹായനായ റഫറിമാത്രം!
നിറയാന്‍ മടിക്കുന്ന ബലൂണ്‍പോലെ
കളിയാക്കുന്ന ശ്വാസകോശം,
ആശയങ്ങള്‍ കുറുകി മുറുകുന്ന തൊണ്ട,
ജീവിത ചതുരംഗപ്പലകയില്‍
നാം അടുത്ത നീക്കത്തെപ്പറ്റി ചിന്തിക്കുമ്പോള്‍
അവന്‍ അടുത്ത ശ്വാസത്തെപ്പറ്റി ചിന്തിക്കുന്നു.
അടുത്ത ശ്വാസത്തേപ്പറ്റിമാത്രം !
***********************************************
"അക്ഷരം ഓണ്‍ലൈന്‍" പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment