Wednesday, September 05, 2012

മഴ

പുകനാളങ്ങളില്‍ വെള്ളിക്കോലുകള്‍ വിളഞ്ഞിരുന്ന മേല്‍ക്കൂര,
രാത്രി പെയ്തൊഴിയുമ്പോള്‍,
അമ്മയുടെ ഉറക്കത്തെപ്പറ്റി വ്യാകുലപ്പെടാനറിയാത്ത
മഴക്കാലങ്ങളായിരുന്ന, ബാല്യം !

അമ്മയുടെ ശ്വാസ നിശ്വാസങ്ങളുടെ നേര്‍ത്തുവരുന്ന ഇടവേള
ഹൃദയമിടിപ്പുകൊണ്ടളന്ന്
ജാലകം വഴി വരുന്ന മിന്നല്‍പ്പിണരുകളില്‍
ഉറങ്ങാത്ത മുഖം നോക്കി
മിഴിപൂട്ടാതെ കിടന്ന മഴക്കാലങ്ങളായിരുന്നു, കൗമാരം !

അമ്മയുടെ നെഞ്ചിന്‍കൂടിലെ
ദുന്ദുഭി നാദത്തിന്
താരാട്ടിന്റെ ഈണമില്ലെന്നു
പരിഭവിക്കുന്ന പ്രിയതമയുടെ
അസംതൃപ്തികളില്‍
നനഞ്ഞ മഴക്കാലങ്ങളായിരുന്നു, യൗവ്വനം !

ഓരോ മഴയുമളക്കാന്‍
നെഞ്ചിന്‍കൂട്ടിലെ
മഴമാപിനികള്‍ ശബ്ദിക്കുമ്പോള്‍
ഉറക്കെ പ്രാകുന്ന
മക്കളെയോര്‍ത്തുള്ള വ്യാകുലതകളാണിന്ന് മഴക്കാലം !

മഴ ഇപ്പോഴും പെയ്യുന്നുണ്ട്!
ഇടതടവില്ലാതിരമ്പി
അതെന്റെ വര്‍ത്തമാനത്തില്‍ നിന്ന്
ഭൂത, ഭാവികളെ ഒഴുക്കിക്കളഞ്ഞിരിക്കുന്നു !

Tuesday, May 08, 2012

ഭയം

ചില അക്ഷരങ്ങളെ എനിക്കു ഭയമാണ്!
പരസ്പരം കൂടിച്ചേരുമ്പോള്‍ എന്തെല്ലാം വാക്കുകളാണവ ഉണ്ടാക്കുക എന്തൊരര്‍ത്ഥവ്യാപ്തിയാണവയ്ക്ക്?!

Tuesday, April 24, 2012

നിശ്ശബ്ദം!

"നീ വലിയ മണ്ടത്തരമാണ് കാണിച്ചത്! ഒരിക്കലുമതെടുക്കരുതായിരുന്നു. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അല്പം കൂടി ശ്രദ്ധിക്കുമായിരുന്നു. വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയുടെ ഫലം കഠിനമാണെന്നത് നീയറിയാന്‍ പോകുന്നേയുള്ളൂഇനി നിനക്ക് തിരുത്താനും അവസരമുണ്ടാകുമെന്നു തോന്നുന്നില്ല"
മത്സ്യം ഒന്നുകൂടി പിടഞ്ഞ് കൂടക്കുള്ളില്‍ നിശ്ശബ്ദമായി!
ഞാന്‍ ചൂണ്ടയില്‍ ഒരിരകൂടികോര്‍ത്ത് വീണ്ടും പുഴയിലേക്കിട്ടു!!