Tuesday, August 30, 2011

കാത്തിരിപ്പ്


മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കുന്ന തണുത്ത പ്രഭാതങ്ങളിലൊന്നില്‍
ഞാന്‍ നിന്നെ പ്രതീക്ഷിച്ചു,
വെയില്‍ നാളങ്ങളുടെ വരവില്‍
പിന്‍ വാങ്ങിയ മൂടല്‍ മഞ്ഞാണ് നീയെന്ന് ഞാനറിയുമ്പോള്‍
മദ്ധ്യാഹ്നമായിരുന്നു.

പൂക്കളെ എതിരേല്‍ക്കാന്‍ ഇലകൊഴിച്ച
വാകമരച്ചുവട്ടിലാണ് പിന്നെ ഞാന്‍  കാത്തുനിന്നത്.
പൂമരം നീതന്നെയെന്നറിഞ്ഞപ്പോള്‍
സന്ധ്യയായിരുന്നു.

എന്റെ ജാലക കാഴ്ചകളില്‍
വഴിതെറ്റിയ ഒരു പക്ഷി കുരുങ്ങിനില്‍ക്കുന്നു
നിന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്ന്
സന്ധ്യ പറയുന്നു.
ഇരമ്പിയാര്‍ക്കുന്ന രാത്രിമഴ,
ആകാശത്ത് സ്വപ്നങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതിന്റെ
സ്‌ഫുലിംഗങ്ങള്‍
പുതപ്പിനടിയില്‍ ഞാന്‍ തണുത്തു വിറക്കുന്നു,
പ്രിയപ്പെട്ടവളേ നീയെവിടെ?


Monday, August 15, 2011

ഏകദിശാ പ്രവര്‍ത്തനങ്ങള്‍

പ്രിയപ്പെട്ടവളേ,
എന്റെ പ്രണയം വര്‍ണ്ണച്ചിറകുകളുമായി
ഇനി നിന്നെ വലംവച്ചു പറക്കില്ല.

നമുക്കിടയിലെ സുവര്‍ണ്ണനൂലുകള്‍
ചിലന്തിവലയേക്കാള്‍ നേര്‍ത്തതാണെന്ന്
ഞാനിനി പരിഭവിക്കില്ല.

നിന്റെ നിശ്ശബ്ദതയ്ക്ക്
വാചാലതയുടെ അര്‍ത്ഥകല്പന ചമയ്ക്കില്ല.

എന്റെ പ്രണയം കൊഴിഞ്ഞു വീഴുന്നു
നിറം കെട്ടുണങ്ങിയ ഒരിലപോലെ !

Saturday, August 13, 2011

രോഗം

കാല്‍ വിരലുകള്‍ക്കിടയിലെ ഉണങ്ങാന്‍ മടികാണിക്കുന്ന മുറിവ് പരിശോധിച്ച ശേഷം, ഡോക്‌ടര്‍ കണ്ണട ഊരി മേശപ്പുറത്ത് വച്ചു, എന്നിട്ട് എന്റെ കണ്ണില്‍ത്തന്നെ നോക്കി ചോദിച്ചു.
" തുറന്നു ചോദിക്കുന്നതില്‍ വിഷമം തോന്നരുത്, നിങ്ങള്‍ വിവിധ സ്ത്രീകളുമായി.....? "
" ഇല്ല ! "
" ഒരിക്കലും ?"
" ഒരിക്കലും !"
പറഞ്ഞത് നുണയായിരുന്നില്ല. അവിവാഹിതനായ എന്റെ ജീവിതത്തില്‍ ഒരേയൊരു സ്ത്രീ മാത്രം , ഡോക്‌ടറുടെ ഈ ചോദ്യം ഞങ്ങള്‍ക്കടുത്ത തവണ നല്ലൊരു തമാശയാകും!
 " ഉപ്പു വെള്ളത്തില്‍ കാല്‍ കഴുകിയിട്ട് ഈ മരുന്ന് പുരട്ടണം, ഞാന്‍ സംശയിച്ചതുപോലെയല്ലെങ്കില്‍ ഇതുകൊണ്ടു മാറും 45 ദിവസം കഴിഞ്ഞും കുറവില്ലെങ്കില്‍ വരണം നമുക്ക് രക്തമൊന്ന് നോക്കാം !"

               രാത്രി വലിയ ബഹളം കേട്ടാണ് ഉണര്‍ന്നത്. അടുത്ത ഫ്ലാറ്റില്‍ അടിയും ബഹളവും. മുകളിലെ നിലയിലെ ബാങ്ക് മാനേജര്‍ സുധാകരന്‍ ഞാന്‍ വാതില്‍ തുറന്നതും അടുത്തു വന്നു. " സുകേശന്‍ നൈറ്റ് ഡ്യൂട്ടിക്കാണെന്നും പറഞ്ഞ് പോയിട്ട് അരമണിക്കൂര്‍ കഴിഞ്ഞു തിരികെ വന്നപ്പം മുറിയില് ഭാര്യേടെ കൂടെ ലോറിഡ്രൈവറു മുനിയാണ്ടി! വല്ലാത്ത നാണക്കേട് തന്നെ അല്ലിയോ?"
ഞാന്‍ വിളറിയ ഒരു ചിരി മറുപടിയാക്കി!
കാല്‍ വിരലില്‍ ഒരു നീറ്റല്‍ പോലെ, നാളെത്തന്നെ എനിക്ക് രക്തം പരിശോധിപ്പിക്കണം!
***