Thursday, December 26, 2013

പോസിറ്റീവ് എനര്‍ജി

"നമുക്കിവിടെയിരുന്നാലോ? " അമ്പലപ്പറമ്പിലെ പുഴയോടു ചേര്‍ന്നുള്ള തിട്ടയിലെ മരച്ചുവട് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു.
" മണല്‍ വാരല്‍ നിരോധിച്ചതല്ലേ? അവരെന്താവും ചെയ്യുന്നത്? " പുഴയിലെ വഞ്ചിയിലേക്ക് നോക്കി അവള്‍ ചോദിച്ചുു.
"മീന്‍ പിടിക്കുന്നതാവും !"
" അതേയ് എന്താ ഇവിടിരിക്കുന്നെ?"
"നടന്നു ക്ഷീണിച്ചുു സ്വാമി, പുഴ കണ്ട് ഇരുന്നതാണ് !'
" ഇത് പാര്‍ക്കല്ല ! ആശ്രമമമാണ് അടുത്തുള്ളത് വിശുദ്ധിക്ക് കളങ്കം വരും ഇവിടെ പോസിറ്റീവ് എനര്‍ജി ഉള്ളതാണ് അത് നശിക്കും ഇങ്ങനെയിരുന്നാല്‍ !"
" ഞങ്ങള്‍ കളങ്കം വരുത്തുന്ന ഒന്നും സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല സ്വാമീ ! "
" ഉണ്ടായിട്ടുണ്ടാവില്ല ! എന്നാലുണ്ടാവും ഈ പുഴയും തണുത്തകാറ്റുമൊക്കെയടിക്കുമ്പോള്‍ എന്തായാലും ഉണ്ടാവും. മുമ്പ് ഒരു പയ്യന്‍ ഞാന്‍ നോക്കുമ്പോള്‍ ഇവിടിരുന്ന് കൂടെയുള്ള പെണ്‍കുട്ടിയുടെ അടുത്ത് വേണ്ടാത്തത് ചെയ്യുന്നു. ഇവിടുള്ള പോസിറ്റീവ് എനര്‍ജി മുഴുവന്‍ പോവില്ലേ അങ്ങിനെ ചെയ്താല്‍? ഇതു നോക്കാന്‍ നില്‍ക്കുന്ന എനിക്ക് കിട്ടണത് മാസം മൂവായിരത്തഞ്ഞൂറ് ഉറുപ്പിക! ഗുരുജി പറഞ്ഞ് വിട്ടതാണ് നിങ്ങളെന്താണ് ചെയ്യുന്നതെന്നു നോക്കാന്‍! ഗുരുജി ധ്യാനിക്കാനിരിക്കുമ്പോള്‍ ആങ്കുട്ട്യോളും പെങ്കുട്ട്യോളും വേണ്ടാതീനം കാണിക്കുന്നത് കണ്ടാല്‍ ശ്രദ്ധകിട്ടില്ല. ആശ്രമത്തിലെ പോസിറ്റീവ് എനര്‍ജി മുഴുവന്‍ പോകേം ചെയ്യും. മൂവായിരത്തഞ്ഞൂറ് രൂപേം തരും ഇക്കാണായ പണിയൊക്കെ ഞാന്‍ ചെയ്യുകേം വേണം.......

ഡിസംബറാകുമ്പോള്‍


കോടമഞ്ഞിനുള്ളിലെ കമ്പിളിഷാള്‍ ചുറ്റിയ കാമുകി
ആസ്ത്മാക്കാരന്റെ സ്വപ്നങ്ങളെ അലങ്കരിക്കുന്നില്ല.
വലയം ചെയ്തിരിക്കുന്ന വായുവില്‍ -
തനിക്കു മാത്രം നിഷേധിക്കപ്പെട്ട വിഹിതത്തെയോര്‍ത്തുള്ള -
വേവലാതി നിറയുന്ന പേക്കിനാവാണ് വര്‍ഷാന്ത്യം
അവന്റെ ഓര്‍മ്മകളില്‍ “പ്രാചീന യാനക്കാരന്‍” ശേഷിക്കുന്നില്ല .
മുറ്റത്തെ കരോള്‍ഗാനത്തിനൊപ്പമുയരുന്ന പ്രതീക്ഷ അവനന്യമാണ്.
അവന് വര്‍ഷാന്ത്യം ലോകാവസാനമാണ്.
ശ്വാസ നിശ്വാസങ്ങളുടെ നിയമങ്ങളില്ലാത്ത മത്സരത്തില്‍
അവന്‍ നിസ്സഹായനായ റഫറിമാത്രം!
നിറയാന്‍ മടിക്കുന്ന ബലൂണ്‍പോലെ
കളിയാക്കുന്ന ശ്വാസകോശം,
ആശയങ്ങള്‍ കുറുകി മുറുകുന്ന തൊണ്ട,
ജീവിത ചതുരംഗപ്പലകയില്‍
നാം അടുത്ത നീക്കത്തെപ്പറ്റി ചിന്തിക്കുമ്പോള്‍
അവന്‍ അടുത്ത ശ്വാസത്തെപ്പറ്റി ചിന്തിക്കുന്നു.
അടുത്ത ശ്വാസത്തേപ്പറ്റിമാത്രം !
***********************************************
"അക്ഷരം ഓണ്‍ലൈന്‍" പ്രസിദ്ധീകരിച്ചത്.

Wednesday, September 05, 2012

മഴ

പുകനാളങ്ങളില്‍ വെള്ളിക്കോലുകള്‍ വിളഞ്ഞിരുന്ന മേല്‍ക്കൂര,
രാത്രി പെയ്തൊഴിയുമ്പോള്‍,
അമ്മയുടെ ഉറക്കത്തെപ്പറ്റി വ്യാകുലപ്പെടാനറിയാത്ത
മഴക്കാലങ്ങളായിരുന്ന, ബാല്യം !

അമ്മയുടെ ശ്വാസ നിശ്വാസങ്ങളുടെ നേര്‍ത്തുവരുന്ന ഇടവേള
ഹൃദയമിടിപ്പുകൊണ്ടളന്ന്
ജാലകം വഴി വരുന്ന മിന്നല്‍പ്പിണരുകളില്‍
ഉറങ്ങാത്ത മുഖം നോക്കി
മിഴിപൂട്ടാതെ കിടന്ന മഴക്കാലങ്ങളായിരുന്നു, കൗമാരം !

അമ്മയുടെ നെഞ്ചിന്‍കൂടിലെ
ദുന്ദുഭി നാദത്തിന്
താരാട്ടിന്റെ ഈണമില്ലെന്നു
പരിഭവിക്കുന്ന പ്രിയതമയുടെ
അസംതൃപ്തികളില്‍
നനഞ്ഞ മഴക്കാലങ്ങളായിരുന്നു, യൗവ്വനം !

ഓരോ മഴയുമളക്കാന്‍
നെഞ്ചിന്‍കൂട്ടിലെ
മഴമാപിനികള്‍ ശബ്ദിക്കുമ്പോള്‍
ഉറക്കെ പ്രാകുന്ന
മക്കളെയോര്‍ത്തുള്ള വ്യാകുലതകളാണിന്ന് മഴക്കാലം !

മഴ ഇപ്പോഴും പെയ്യുന്നുണ്ട്!
ഇടതടവില്ലാതിരമ്പി
അതെന്റെ വര്‍ത്തമാനത്തില്‍ നിന്ന്
ഭൂത, ഭാവികളെ ഒഴുക്കിക്കളഞ്ഞിരിക്കുന്നു !

Tuesday, May 08, 2012

ഭയം

ചില അക്ഷരങ്ങളെ എനിക്കു ഭയമാണ്!
പരസ്പരം കൂടിച്ചേരുമ്പോള്‍ എന്തെല്ലാം വാക്കുകളാണവ ഉണ്ടാക്കുക എന്തൊരര്‍ത്ഥവ്യാപ്തിയാണവയ്ക്ക്?!

Tuesday, April 24, 2012

നിശ്ശബ്ദം!

"നീ വലിയ മണ്ടത്തരമാണ് കാണിച്ചത്! ഒരിക്കലുമതെടുക്കരുതായിരുന്നു. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അല്പം കൂടി ശ്രദ്ധിക്കുമായിരുന്നു. വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയുടെ ഫലം കഠിനമാണെന്നത് നീയറിയാന്‍ പോകുന്നേയുള്ളൂഇനി നിനക്ക് തിരുത്താനും അവസരമുണ്ടാകുമെന്നു തോന്നുന്നില്ല"
മത്സ്യം ഒന്നുകൂടി പിടഞ്ഞ് കൂടക്കുള്ളില്‍ നിശ്ശബ്ദമായി!
ഞാന്‍ ചൂണ്ടയില്‍ ഒരിരകൂടികോര്‍ത്ത് വീണ്ടും പുഴയിലേക്കിട്ടു!!

Tuesday, October 25, 2011

എനിക്കും നിനക്കും ഇടയില്‍

എനിക്കും നിനക്കുമിടയില്‍ ഇനിയൊന്നുമില്ലെന്നു നീ!
കണ്ണുകളിലെ ശൈത്യവും വാക്കുകളിലെ ഉപചാരങ്ങളും
കെട്ടിപ്പൊക്കിയ അടിത്തറയില്‍
എത്രപെട്ടെന്നാണ് നീ ഈ മതില്‍ തീര്‍ത്തത് !
ഇപ്പോഴെനിക്കെത്തിനോക്കാന്‍ പോലുമാവാത്ത ഉയരം!

Tuesday, October 18, 2011

വിശാലമായ കടലില്‍

കടലില്‍ കുറേ മീന്‍
വലക്കാരന്‍ വലയെറിയുന്നു
ചൂണ്ടക്കാരന്‍ ചൂണ്ടയെറിയുന്നു
കുറേയെണ്ണം വലയില്‍ കുടുങ്ങുന്നു
ചിലത് ചൂണ്ടയില്‍ കുടുങ്ങുന്നു
പിന്നെയും മീനുകള്‍ ബാക്കി
നമുക്ക് ചോദിക്കാം
"  മുഴുവന്‍ മീനും കുടുങ്ങിയില്ലല്ലോ?
കടലിലിത്രയും മീനുണ്ടായിട്ടും
ഇവ മാത്രമല്ലേ കുടുങ്ങിയത്?
വലയില്‍ വന്നു കയറുന്നതാണ്
അല്ലെങ്കിലിത്രയും വിശാലമായ കടലില്‍........."

Thursday, October 06, 2011

ആകസ്മികം

ഉറക്കം വരുന്നില്ല. അവളുറങ്ങിക്കാണുമോ?
കിടത്തിയതിന്റെ നേരേ വിപരീതദിശയില്‍ വട്ടം കറങ്ങി, തല അവളുടെ കാലിന് നേരെയും കാല്‍ എന്റെ നെഞ്ചിലും വച്ച് മോനുറങ്ങിക്കഴിഞ്ഞു.

---------------------------------------------------------

ആകസ്മികമായാണ് സരിതയുടെ അമ്മയെ കണ്ടത്, ആശുപത്രിയില്‍ നിന്നും ഞങ്ങളിറങ്ങാനൊരുങ്ങുമ്പോള്‍.
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. അവര്‍ കുഞ്ഞിനു വേണ്ടി കൈനീട്ടി. അവനവരുടെ മൂക്കില്‍ പിടിക്കാനാഞ്ഞു. എടുത്ത്, തെരുതെരെ ഉമ്മ വച്ചിട്ട് മോനെ തിരികെ നല്‍കി.
" ഡോക്‌ടറെയൊന്നു കാണണം "

" അവരെന്താ അങ്ങനെയുമ്മ വച്ചതെന്നറിയാമോ? "നടന്നു നീങ്ങുമ്പോള്‍ അവളുടെ നിഷ്‌കളങ്കമായ ചോദ്യം.
        " ------  ---------  "
" അതേയ്, അവരുടെ വീട്ടിലിരിക്കേണ്ട കുട്ടിയല്ലേയിത്? ഒന്നുമറിയാത്തപോലെ?! " അവള്‍ പൊട്ടിച്ചിരിച്ചു.
-------------------------------------------------
ഇന്ന് , മോനു് ഉടുപ്പെടുക്കാന്‍ കടയില്‍ കയറിയപ്പോഴാണ് അവനെ കണ്ടത്.
" മോനിപ്പം എത്രവയസ്സായി? " അവന്‍ കുഞ്ഞിന്റെ കവിളിലൊന്നു തൊട്ടു.
" സരിതയുടെ ആങ്ങളയല്ലേ? "
" അതു ശരി! എന്നെ അറിയുമോ?"
" പിന്നെ അറിയാതെ? സരിതക്ക് മോനോ മോളോ?" ഞാനും ചെവിവട്ടം പിടിച്ചു. മോളാണെങ്കില്‍ അവള്‍ക്കുള്ളപോലെ നുണക്കുഴി കാണുമോ?
" മോളായിരുന്നു. പ്രസവിച്ചയുടന്‍ മരിച്ചുപോയി."
" അയ്യോ! ഞാനറിഞ്ഞിരുന്നില്ല."
" അതു സാരമില്ല. അമ്മ പറഞ്ഞിരുന്നു നിങ്ങളെ ആശുപത്രിയില്‍ കണ്ട കാര്യം. അവിടെത്തന്നെയായിരുന്നു ചേച്ചിയേയും കാണിച്ചിരുന്നത്."
-----------------------------------------------------------
 അവളുറങ്ങിക്കാണുമോ? മോന്‍ നല്ല ഉറക്കമാണ്. വിളിക്കണോ?മടിച്ച് മടിച്ച് ചോദിച്ചു.
"ഉറങ്ങിയില്ലേ നീ?"
"ഇല്ല." അവളുടെ സ്വരം പതറിയിരുന്നു
" എന്താ ആലോചിക്കുന്നത്?"
" മോളുമരിച്ചകാര്യം. "