Thursday, October 06, 2011

ആകസ്മികം

ഉറക്കം വരുന്നില്ല. അവളുറങ്ങിക്കാണുമോ?
കിടത്തിയതിന്റെ നേരേ വിപരീതദിശയില്‍ വട്ടം കറങ്ങി, തല അവളുടെ കാലിന് നേരെയും കാല്‍ എന്റെ നെഞ്ചിലും വച്ച് മോനുറങ്ങിക്കഴിഞ്ഞു.

---------------------------------------------------------

ആകസ്മികമായാണ് സരിതയുടെ അമ്മയെ കണ്ടത്, ആശുപത്രിയില്‍ നിന്നും ഞങ്ങളിറങ്ങാനൊരുങ്ങുമ്പോള്‍.
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. അവര്‍ കുഞ്ഞിനു വേണ്ടി കൈനീട്ടി. അവനവരുടെ മൂക്കില്‍ പിടിക്കാനാഞ്ഞു. എടുത്ത്, തെരുതെരെ ഉമ്മ വച്ചിട്ട് മോനെ തിരികെ നല്‍കി.
" ഡോക്‌ടറെയൊന്നു കാണണം "

" അവരെന്താ അങ്ങനെയുമ്മ വച്ചതെന്നറിയാമോ? "നടന്നു നീങ്ങുമ്പോള്‍ അവളുടെ നിഷ്‌കളങ്കമായ ചോദ്യം.
        " ------  ---------  "
" അതേയ്, അവരുടെ വീട്ടിലിരിക്കേണ്ട കുട്ടിയല്ലേയിത്? ഒന്നുമറിയാത്തപോലെ?! " അവള്‍ പൊട്ടിച്ചിരിച്ചു.
-------------------------------------------------
ഇന്ന് , മോനു് ഉടുപ്പെടുക്കാന്‍ കടയില്‍ കയറിയപ്പോഴാണ് അവനെ കണ്ടത്.
" മോനിപ്പം എത്രവയസ്സായി? " അവന്‍ കുഞ്ഞിന്റെ കവിളിലൊന്നു തൊട്ടു.
" സരിതയുടെ ആങ്ങളയല്ലേ? "
" അതു ശരി! എന്നെ അറിയുമോ?"
" പിന്നെ അറിയാതെ? സരിതക്ക് മോനോ മോളോ?" ഞാനും ചെവിവട്ടം പിടിച്ചു. മോളാണെങ്കില്‍ അവള്‍ക്കുള്ളപോലെ നുണക്കുഴി കാണുമോ?
" മോളായിരുന്നു. പ്രസവിച്ചയുടന്‍ മരിച്ചുപോയി."
" അയ്യോ! ഞാനറിഞ്ഞിരുന്നില്ല."
" അതു സാരമില്ല. അമ്മ പറഞ്ഞിരുന്നു നിങ്ങളെ ആശുപത്രിയില്‍ കണ്ട കാര്യം. അവിടെത്തന്നെയായിരുന്നു ചേച്ചിയേയും കാണിച്ചിരുന്നത്."
-----------------------------------------------------------
 അവളുറങ്ങിക്കാണുമോ? മോന്‍ നല്ല ഉറക്കമാണ്. വിളിക്കണോ?മടിച്ച് മടിച്ച് ചോദിച്ചു.
"ഉറങ്ങിയില്ലേ നീ?"
"ഇല്ല." അവളുടെ സ്വരം പതറിയിരുന്നു
" എന്താ ആലോചിക്കുന്നത്?"
" മോളുമരിച്ചകാര്യം. "

8 comments:

  1. ചെറിയ കഥ . പക്ഷെ നന്നായി പറഞ്ഞു . നൊമ്പരം ബാക്കി .
    ആശംസകള്‍

    ReplyDelete
  2. ചുരുങ്ങിയ വരികളില്‍ എത്ര നൊമ്പരങ്ങള്‍ പറഞ്ഞു തീര്‍ത്തു...ആശംസകള്‍...നല്ല അവതരണം, ഇഷ്ടായി ട്ടൊ...!

    ReplyDelete
  3. മനോഹരമായ എഴുത്ത്.
    ഇഷ്ടപ്പെട്ടു!

    ReplyDelete
  4. ചെറുവാടി,വര്‍ഷിണി* വിനോദിനി ,ജയന്‍ ദാമോദരന്‍
    വളരെ നന്ദി.

    ReplyDelete
  5. മനോഹരമായ കഥ... വളരെ ടച്ചിംഗ് ആയിരുന്നു

    ReplyDelete
  6. മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന ചില ചിന്തകള്‍ എല്ലാവര്‍ക്കുമുണ്ടാകുമല്ലേ....

    ReplyDelete
  7. നൊമ്പരം പറഞ്ഞു തീര്‍ത്തില്ല ....

    ReplyDelete