Wednesday, September 05, 2012

മഴ

പുകനാളങ്ങളില്‍ വെള്ളിക്കോലുകള്‍ വിളഞ്ഞിരുന്ന മേല്‍ക്കൂര,
രാത്രി പെയ്തൊഴിയുമ്പോള്‍,
അമ്മയുടെ ഉറക്കത്തെപ്പറ്റി വ്യാകുലപ്പെടാനറിയാത്ത
മഴക്കാലങ്ങളായിരുന്ന, ബാല്യം !

അമ്മയുടെ ശ്വാസ നിശ്വാസങ്ങളുടെ നേര്‍ത്തുവരുന്ന ഇടവേള
ഹൃദയമിടിപ്പുകൊണ്ടളന്ന്
ജാലകം വഴി വരുന്ന മിന്നല്‍പ്പിണരുകളില്‍
ഉറങ്ങാത്ത മുഖം നോക്കി
മിഴിപൂട്ടാതെ കിടന്ന മഴക്കാലങ്ങളായിരുന്നു, കൗമാരം !

അമ്മയുടെ നെഞ്ചിന്‍കൂടിലെ
ദുന്ദുഭി നാദത്തിന്
താരാട്ടിന്റെ ഈണമില്ലെന്നു
പരിഭവിക്കുന്ന പ്രിയതമയുടെ
അസംതൃപ്തികളില്‍
നനഞ്ഞ മഴക്കാലങ്ങളായിരുന്നു, യൗവ്വനം !

ഓരോ മഴയുമളക്കാന്‍
നെഞ്ചിന്‍കൂട്ടിലെ
മഴമാപിനികള്‍ ശബ്ദിക്കുമ്പോള്‍
ഉറക്കെ പ്രാകുന്ന
മക്കളെയോര്‍ത്തുള്ള വ്യാകുലതകളാണിന്ന് മഴക്കാലം !

മഴ ഇപ്പോഴും പെയ്യുന്നുണ്ട്!
ഇടതടവില്ലാതിരമ്പി
അതെന്റെ വര്‍ത്തമാനത്തില്‍ നിന്ന്
ഭൂത, ഭാവികളെ ഒഴുക്കിക്കളഞ്ഞിരിക്കുന്നു !

1 comment:

  1. മഴ ഇപ്പോഴും പെയ്യുന്നുണ്ട്!
    ഇടതടവില്ലാതിരമ്പി
    അതെന്റെ വര‍ത്തമാനത്തില്‍ നിന്ന്
    ഭൂത, ഭാവികളെ ഒഴുക്കിക്കളഞ്ഞിരിക്കുന്നു !

    ഇപ്പോളാണ് വായിക്കാന്‍ അവസരം കിട്ടിയത്. കാലങ്ങള്‍ മാറുന്നതിനനുസരിച്ചുള്ള മഴയുടെ ഭാവമാറ്റം നന്നായി. മഴ മാറുന്നില്ല. കാണുന്ന കണ്ണുകളിലാണ് മഴയുടെ ഭാവങ്ങള്‍ മാറുന്നത്. പ്രകൃതിയിലെ എല്ലാ കാര്യങ്ങളും കാണുന്ന ആളുടെ മനോനില അനുസരിച്ച് മാറിക്കൊണ്ടിരിക്കും.

    ReplyDelete